തദ്ദേശ സ്വയംഭരണം

നിലവിൽ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  കേരളത്തിലുണ്ട്. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 77 താലൂക്കുകൾ, 87 മുന്സിപ്പാലിറ്റികൾ, 6 മുൻസിപ്പൽ  കോർപ്പറേഷനുകൾ എന്നിവ ഇതിൽ  ഉൾപ്പെടും. തദ്ദേശസ്വയംഭരണം കേരളത്തിൽ മൂന്ന് തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്ന്, മറ്റിടങ്ങളില്നിന്നും വ്യത്യസ്തമായി ധനകാര്യ ചുമതലകളുടെ കൈമാറ്റം. രണ്ട്, പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഇത്രയും പ്രാധാന്യം മറ്റൊരിടത്തും കണ്ടെന്നുവരില്ല. മൂന്ന്, വികസന പദ്ധതികളുടെ ആസൂത്രണത്തിൽ ജനപങ്കാളിത്തം മറ്റെല്ലായിടങ്ങളിലേതിനെക്കാളും വളരെ കൂടുതലാണ്. 
 
ആദ്യ ജനകീയാസൂത്രണ പദ്ധതി സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണ പദ്ധതിയുടെ ആഴവും പരപ്പും വർദ്ധിപ്പിച്ചു. എന്നിരുന്നാലും ജനപങ്കാളിത്തം കുറയുന്നുവെന്ന പരാതിയും ഉണ്ടായിട്ടുണ്ട്. അധികാരവികേന്ദ്രീകരണ അനുഭവങ്ങൾ ഉത്പാദന മേഖലയിൽ കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല എന്ന വിമർശനവുമുണ്ട്. പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിലും പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാനത്തിൽ, വിശാല കാഴ്ചപ്പാടോടെ വാർഷിക പദ്ധതി തയ്യാറാക്കുന്നതും കാര്യക്ഷമമായി നടക്കുന്നില്ലെന്നതും  വിമര്ശിക്കപ്പെടുന്നു.
 
രണ്ടാം ജനകീയാസൂത്രണ പദ്ധതി സർക്കാർ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. 13 ാം പഞ്ചവത്സര പദ്ധതിയുമായി ഇഴ ചേർത്താണ് രണ്ടാം പദ്ധതി നടപ്പിലാക്കുന്നത്. ഈ നീക്കത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന ആസൂത്രണ ബോർഡ് നല്കുന്നുണ്ട്.
 
രണ്ടാം ഘട്ട പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം ഉത്പാദന വർദ്ധനവാണ്, പ്രത്യേകിച്ച് പ്രകൃതി സൗഹൃദ കാർഷിക ഉൽപ്പാദനവും ഭക്ഷ്യ ഉത്പാദനവും. പ്രധാനമായും ഇപ്പോഴത്തെ പ്രചാരണ പ്രവർത്തനങ്ങളിൽ മുൻ‌തൂക്കം നൽകുന്നത് ജലസ്രോതസുകളുടെ പുനര്ജീവനത്തിനും പുനരുദ്ധാരണത്തിനുമാണ്.
 
കൃഷി, കുടിവെള്ളം, പ്രകൃതിവിഭവ വിനിയോഗം എന്നീ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നീർ ത്തട വികസനം അടിസ്ഥാനമാക്കിയുള്ള പദ്ധതികളും 13ാം പദ്ധതിയിൽ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
 
ജില്ലാ ആസൂത്രണ സമിതികൾ ചേർന്ന് ജില്ലാ പദ്ധതികൾ തയ്യാറാക്കുന്നതിനും അവ നടപ്പാക്കേണ്ട മേഖല കണ്ടെത്തേണ്ടതിനുള്ള ആവശ്യകതയും സംസ്ഥാന ആസൂത്രണബോർഡ് ഊന്നിപ്പറയുന്നുണ്ട്.
 
രണ്ടാം ഘട്ടത്തിൽ പഞ്ചവത്സര പദ്ധതി അധികാരവികേന്ദ്രീകരണത്തിലൂടെ നടപ്പാക്കുമെന്ന് ഉറപ്പാക്കുന്നു.പുതിയ പ്രചാരണ പരിപാടിയുടെ നിർദ്ദേശത്തിൽ വിവിധ സാങ്കേതിക-വിദഗ്ദ്ധ ഏജന്സികളുടെയും വ്യക്തികളുടെയും വൈദഗ്ദ്ധ്യം ഉറപ്പാക്കിക്കൊണ്ട്, മുന്ഗണനാ മേഖലകൾ കണ്ടെത്തി നവീന രീതിയിലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിടുന്നു. 
 
പ്രാദേശിക വിഭവസമാഹരണത്തിൽ വ്യക്തമായ വർദ്ധന 13ാം പദ്ധതി ലക്ഷ്യമിടുന്നു. ഇത് ആസൂത്രണ പദ്ധതികളുടെ ലക്ഷ്യപ്രാപ്തിക്ക് പ്രചോദനമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 
 
നഗരവത്കരണത്തിന്റെയും നഗരാസൂത്രണത്തിന്റെയും ഭാഗമായുണ്ടാകുന്ന പ്രശ്നങ്ങൾക്ക് 13ാം പദ്ധതി ഉയർന്ന മുൻഗണന നല്കുന്നു. ഇതിൻറെ ഭാഗമായി നഗരവികസനത്തിനുള്ള സമഗ്ര പ്രവർത്തന പദ്ധതിക്ക് രൂപം നല്കുകയും ചെയ്യുന്നു.
 
തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, സർക്കാർ വകുപ്പുകൾ,  ജനകീയ സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സംയുക്ത പരിശ്രമത്തിലൂടെ സംസ്ഥാനത്തെ ദാരിദ്ര്യരഹിതമാക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കും. ഭവന നിർമ്മാണം, ശുചീകരണം, വൈദ്യുതീകരണം, ഭക്ഷണ ലഭ്യത, ആരോഗ്യസംരക്ഷണം, ഇൻഷുറൻസ്, വിദ്യാഭ്യാസ ലഭ്യത, തൊഴിലുറപ്പ്, ക്ഷേമപെൻഷൻ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, രോഗികൾ എന്നിവർക്കുള്ള പ്രത്യേക സുരക്ഷ തുടങ്ങിയ പ്രധാന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് 13ാം പദ്ധതി പിന്തുണ നല്കുന്നു.
 
13ാം പദ്ധതിക്കാലത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി ഐഎസ്ഒ സർട്ടിഫിക്കേഷൻ ആവശ്യപ്പെടും.
 
അവലംബം: 13ാം പഞ്ചവത്സര പദ്ധതി (2017-2022) സമീപന രേഖ
കൂടുതൽ  വിവരങ്ങൾക്ക്, സന്ദർശിക്കുക:   spb.kerala.gov.in